ആദിവാസി മേഖലയിലെ വിദ്യാഭ്യാസത്തിനായി ‘സാമൂഹ്യ പഠനമുറി’

ആദിവാസി മേഖലയിലെ വിദ്യാഭ്യാസത്തിൽ അത്ഭുതകരമായ കുതിച്ചുചാട്ടത്തിനാണ്് കേരളം തുടക്കമിടുന്നത്. വിദ്യാഭ്യാസത്തെ ഏകീകരിച്ച് ശക്തമാക്കുന്ന പദ്ധതി ‘സാമൂഹ്യ പഠനമുറി’ രാജ്യത്തിനു തന്നെ മാതൃകയാവുന്നു. കുട്ടികളെ വാസസ്ഥാനങ്ങളിലെ ഒരു പഠനമുറിയിൽ കൊണ്ടുവന്ന് പിന്തുണയും സഹായവും നൽകി വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാനുള്ള പഠനമുറി പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങളിൽ ഇതുവരെയില്ലാത്ത പുതിയ ഫലങ്ങൾ നൽകും.

വിവിധ ഊരുകളിൽ നിന്ന് സ്കൂളുകളിലെത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് സ്കൂൾ സമയം കഴിഞ്ഞാൽ പഠനകാര്യത്തിൽ വലിയ പിന്തുണ കിട്ടാത്തതാണ് നിലവിലുള്ള അവസ്ഥ. ഇത് മാറ്റിയെടുക്കാനാണ് സാമൂഹ്യ പഠനമുറി. 100 സാമൂഹ്യപഠനമുറികൾ സ്ഥാപിക്കാനാണ് സർക്കാർ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. ഇതിന് നിലവിലുള്ള കമ്യൂണിറ്റി ഹാളുകളോ സമാനമായ സൗകര്യങ്ങളോ ലഭ്യമാകുമെങ്കിൽ പ്രയോജനപ്പെടുത്തും. അതില്ലാത്ത സ്ഥലങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്ന പ്രവൃത്തി നടക്കുന്നു. ഇവിടെ പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കളെയോ യുവതികളെയോ ഉപദേശക/ട്യൂട്ടർ ആയി നിയമിക്കും. ഇവർക്ക് പ്രതിമാസം 15000 രൂപ പ്രതിഫലവും നൽകും. സ്കൂൾ സമയത്തിനു പുറമേയാണ് ഈ പഠനസഹായം. കുട്ടികൾക്ക് ഇവിടെ ലഘുഭക്ഷണം നൽകും. രണ്ട് ഡസ്ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് യുപിഎസ്, ബോർഡ്, എൽഇഡി മോണിട്ടർ, എൽഇഡി ഡിസ്പ്ലേ, കമ്പ്യൂട്ടർ ടേബിൾ, രണ്ട് പേർക്ക് വീതം ഇരിക്കാവുന്ന കസേരയോടു കൂടിയ 15 പഠനമേശ, ഇന്റർനെറ്റ് സൗകര്യം, പുസ്തകങ്ങൾ എന്നിവ ഈ കേന്ദ്രങ്ങളിലുണ്ടാകും.

കാസർകോഡ്‐5, കണ്ണൂർ‐5, വയനാട്‐25, കോഴിക്കോട്‐3, മലപ്പുറം‐7, പാലക്കാട്‐25, തൃശൂർ‐2, എറണാകുളം‐3, ഇടുക്കി‐15, പത്തനംതിട്ട‐3, കൊല്ലം‐2, തിരുവനന്തപുരം‐5 എന്നിങ്ങനെയാണ് സാമൂഹ്യ പഠനമുറികൾ സ്ഥാപിക്കുന്നത്. ഇവയുടെ പശ്ചാത്തലസൗകര്യ വികസനത്തിനായി 6.21 കോടി രൂപ സംസ്ഥാന സർക്കാർ നൽകി. അധ്യാപകർക്ക് ആദിവാസി ഭാഷ കൂടി വശമുണ്ടെങ്കിൽ അത് അത്ഭുതകരമായ ഫലങ്ങൾ നൽകുമെന്ന തിരിച്ചറിവിലാണ്  ‘ഗോത്രബന്ധു’ പദ്ധതി നടപ്പാക്കിയത്. ആദിവാസി ഭാഷ നന്നായറിയുന്ന ബിഎഡ്/ടിടിസി യോഗ്യതയുള്ള 241  പട്ടികവർഗക്കാർക്ക് വയനാട് ജില്ലയിൽ നിയമനം നൽകി. അട്ടപ്പാടിയിൽ 26 സ്കൂളുകളിലാണ് ഈ പദ്ധതി. അഭ്യസ്തവിദ്യരായ പട്ടികവർഗക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഇത് സഹായിക്കുന്നു.

വിദൂര ഊരുകളിലുള്ള പട്ടികവർഗ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ വേണ്ടത്ര യാത്രാസൗകര്യമില്ലാത്ത അവസ്ഥ പലയിടത്തും   അവരുടെ വിദ്യാഭ്യാസത്തിനു തന്നെ തടസ്സമാകുന്നുണ്ട്. ഇത് പരിഹരിക്കാൻ വേണ്ടി ആരംഭിച്ച ‘ഗോത്രസാരഥി’ പദ്ധതി വൻ വിജയമായി. അട്ടപ്പാടിയിലെ വിദൂരപ്രദേശത്തുള്ള ആദിവാസി ഊരായ മൂലഗംഗലിൽ നിന്നുപോലും  വിദ്യാർഥികൾ പുതിയ വാഹനത്തിൽ സ്കൂളുകളിലെത്തുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് കെട്ടിടവും ഹോസ്റ്റലുകളും  നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് 100 കോടി രൂപയാണ് നൽകുന്നത്. ആദ്യ ഘട്ടമായി എട്ട് പ്രോജക്ടുകൾക്ക് 56.43 കോടി രൂപ നൽകി.