കുടുംബശ്രീ ലൈഫ് മിഷന്റെ വീട് നിർമാണ രംഗത്തേക്ക്

കുടുംബശ്രീ മിഷന്റെ സഹായത്തോടെ പരിശീലനം നേടിയ സ‌്ത്രീകളുടെ നേതൃത്വത്തിൽ നടന്ന വീട‌് നിർമാണത്തിന‌് ശരവേഗം.  സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വീടൊരുക്കാനുള്ള സർക്കാരിന്റെ  ലൈഫ് മിഷന്റെ പ്രവർത്തനം  കുടുംബശ്രീ അംഗങ്ങളുടെ നിർമാണരംഗത്തേക്കുള്ള കടന്നുവരവ‌് ഈരംഗത്ത‌് വലിയമാറ്റത്തിന‌് കാരണമാകും. പള്ളിപ്പാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മുൻകൈയെടുത്തു നിർമാണം തുടങ്ങിയ കോളാച്ചിറ രമേശന്റെ വീടിന്റെ പണി റെക്കോഡ് വേഗത്തിലാണ് കുടുംബശ്രീഅംഗങ്ങൾ പൂർത്തിയാക്കിയത‌്.  കുടുംബശ്രീ മിഷൻ ജില്ല അസിസ്റ്റന്റ് കോ ഓർഡിനേറ്ററായ പള്ളിപ്പാട് സ്വദേശി പി സുനിലാണ് വനിതകൾക്ക് പരിശീലനം നൽകിയത‌്.

കുടുംബശ്രീ പ്രവർത്തകർക്ക് തൊഴിൽപരിശീലനം  നൽകുന്ന അംഗീകൃത എൻജിഒ ആയ എക‌്സാക്ടിന്റെ ഫാക്കൽറ്റി അംഗം ജലജാ കുമാരി പരിശീലന സൗകര്യം ഉറപ്പാക്കി. ആദ്യ വീടിന്റെ നിർമാണം പള്ളിപ്പാട്ടെ കുടുംബശ്രീ സിഡിഎസ് ഏറ്റെടുക്കാൻ ചെയർപേഴ്സൺ ബിന്ദു കൃഷ്ണകുമാറും തയ്യാറായി.  സഹായ വാഗ്ദാനവുമായി പള്ളിപ്പാട്  പഞ്ചായത്ത് പ്രസിഡന്റ്  എസ‌് രാജേന്ദ്രകുറുപ്പും ഉദ്യോഗസ്ഥരും രംഗത്തുവന്നു.  എട്ടിന‌് തുടങ്ങിയ നിർമാണമാണ‌് ശരവേഗം പൂർത്തിയാക്കിയത‌്. അസ്ഥി വാരം മുതൽ കോൺക്രീറ്റ് വരെയുള്ള പണികൾ സ്ത്രീകൾ തന്നെയാണ് ചെയ‌്തത‌്. പരിശീലകനായ മേസ‌്തിരി ഓരോ ഘട്ടത്തിലും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.    ഫൗണ്ടേഷൻ, ബെൽറ്റുകൾ, കട്ടിള ജനലുകളുടെ ഫിറ്റിങ‌് തുടങ്ങിയ എല്ലാനിർമാണപ്രവൃത്തികളും  കുടുംബശ്രീഅംഗങ്ങളാണ‌് ചെയ‌്ത‌ത‌്.

പഞ്ചായത്ത് പ്രസിഡന്റുമുതൽ ഗുണഭോക്താവ്  വരെ 13 പേരുള്ള ഒരു മോണിറ്ററിങ‌്   കമ്മിറ്റിയുടെ  നിരീക്ഷണത്തിൽ 24ാം ദിവസം കോൺക്രീറ്റ് പുർത്തിയായി. ഇപ്പോൾ തേപ്പ്, പാരപ്പറ്റ് കെട്ട് എന്നിവ നടക്കുന്നു. ടൈൽസ് പാകാനും സ‌്ത്രീകൾ തയാറാണ‌്.   8 പേർ വീതമുള്ള 4 ബാച്ചുകളായായിരുന്നു നിർമാണപ്രവൃത്തി.   പരിശീലന കാലമാണേലും 250 രൂപയോളം ദിന ബത്ത ലഭിച്ചിരുന്ന ഓരോ തൊഴിലാളിക്കും  പണി പുർത്തിയാകുമ്പോൾ 15000 ത്തോളം രൂപ പ്രതിഫലമായും ലഭിക്കും.  400 ചതുരശ്ര അടിയുള്ള വീട്ടിൽ 2 മുറി ഹാൾ അടുക്കള അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയുമുണ്ടാകും.