എല്ലാ ജില്ലകളിലും ഇംഗ്ലീഷ‌് സെന്ററുകൾ തുടങ്ങുന്നു 

പാഠ്യ, പാഠ്യേതര മികവിൽ സിബിഎസ‌്ഇ, ഐസിഎസ‌്ഇ വിദ്യാർഥികളേക്കാൾ ഒരുകാതം മുമ്പിലാണിന്ന‌് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ. മത്സര പരീക്ഷയിലടക്കം പലപ്പോഴും പിന്നോക്കംപോകുന്നത‌് ഭാഷാപ്രാവീണ്യത്തിന്റെ കാര്യത്തിലാണ‌്. സർക്കാർ, എയ‌്ഡഡ‌് സ്കൂളുകളിലെ വിദ്യാർഥികളുടെ ഭാഷാനൈപുണ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ എല്ലാ ജില്ലകളിലും ഇംഗ്ലീഷ‌് സെന്ററുകൾ തുടങ്ങുന്നു.

അത്യാധുനിക ലാബ‌് സൗകര്യങ്ങളോടുകൂടിയ ഡിസ‌്ട്രിക്ട‌് സെന്റർ ഫോർ ഇംഗ്ലീഷ‌് എല്ലാ ജില്ലകളിലും ആഗസ്ത‌് 31ന‌് മുമ്പ‌് പ്രവർത്തനമാരംഭിക്കും. ജില്ലാ കേന്ദ്രങ്ങളിൽ സ്ഥാപിച്ച ഡിസ‌്ട്രിക്ട‌് ഇൻസ്റ്റിറ്റ്യൂട്ട‌്  ഓഫ‌് എഡ്യൂക്കേഷൻ ആൻഡ‌് ട്രെയ‌്നിങ്ങി (ഡയറ്റ‌്)ന്റെ ഭാഗമായാണ‌് സെന്റർ ഫോർ ഇംഗ്ലീഷ‌്, ലാബ‌് എന്നിവ സ്ഥാപിക്കുന്നത‌്.  ഓരോ മുറിയിലും ഒരു അധ്യാപകനും 19 വിദ്യാർഥികൾക്കുമുള്ള സൗകര്യം ഉണ്ടാകും.  ഏറ്റവും ആധുനിക ഭാഷാപരിശീലന സോഫ‌്റ്റ‌് വെയറോടുകൂടിയ കംപ്യൂട്ടറുകൾ, ഹെഡ‌്സെറ്റ‌്, ഓഡിയോ, വിഷ്വൽ സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെയാകും പരിശീലനം.

ആദ്യഘട്ടത്തിൽ അതത‌് ജില്ലയിലെ ഇംഗ്ലീഷ‌് അധ്യാപകരുടെ പരിശീലനത്തിനാകും മുൻതൂക്കം. തുടക്കത്തിൽ അവധിക്കാല ക്ലാസുകളായാണ‌് വിദ്യാർഥികൾക്ക‌് ലാംഗ്വേജ‌് ലാബ‌് സേവനങ്ങൾ ലഭ്യമാക്കുന്നത‌്. പിന്നീട‌് വർഷംമുഴുവൻ ഇവിടെ പരിശീലനം നേടാം. ഇതുസംബന്ധിച്ച പരിശീലന മൊഡ്യൂൾ ഉടൻ തയ്യാറാകുമെന്ന‌് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ പറഞ്ഞു.