കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു പത്താം സ്വർണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്താം സ്വര്‍ണത്തോടെ ഇന്ത്യ കുതിപ്പ് തുടരുന്നു.
ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ്‌ ടീം ഇനത്തില്‍ മലേഷ്യയെ 3-1 ന് തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം കൈപ്പിടിയിലൊതുക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യ ആദ്യമായാണ് സ്വര്‍ണം നേടുന്നത്.

നിര്‍ണായകമായ വനിത സിംഗിള്‍സില്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് സൈന നേവാള്‍ ഇന്ത്യയുടെ സ്വര്‍ണം ഉറപ്പാക്കിയത്.

നിലവില്‍ 10 സ്വര്‍ണവും 4 വെള്ളിയും 5 വെങ്കലവും ഉള്‍പ്പെടെ 19 മെഡലുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

38 സ്വര്‍ണവും 31 വെള്ളിയും 31 വെങ്കലവുമായി ആതിഥേയരായ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 22 സ്വര്‍ണവും 23 വെള്ളിയും 15 വെങ്കലവും ഉള്‍പ്പെടെ 60 മെഡലുമായി ഇംഗ്ലണ്ടാണ് രണ്ടാമത്.