ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ 9000 ലേറെ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തു

ബെംഗളൂരു∙ പടിഞ്ഞാറൻ െബംഗളൂരുവിലെ സ്വകാര്യ ഫ്ലാറ്റിൽനിന്ന് ഒൻപതിനായിരത്തിലധികം തിരിച്ചറിയൽ കാർഡുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. രാജരാജേശ്വരി നഗർ (ആർആർ നഗർ) നിയമസഭാ
മണ്ഡലത്തിലെ ജലഹള്ളിയിലെ ഫ്ലാറ്റില്‍നിന്നാണു 9746 തിരഞ്ഞെടുപ്പ് തിരിച്ചറിയൽ‌ കാര്‍ഡുകൾ കണ്ടെടുത്തത്.

പ്രാഥമിക പരിശോധനയിൽ എല്ലാ കാർഡുകളും യഥാർഥമാണെന്ന് കർണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ വ്യക്തമാക്കിവ്യാജ കാർഡുകൾഉണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥനായ ബൈരെ ഗൗഡ പറഞ്ഞു.

ആർആർ നഗറിൽ ജെഡിഎസ് ടിക്കറ്റിൽ മൽസരിക്കുന്ന ജി.എച്ച്. രാമചന്ദ്രയുടെ മകൻ ജഗ്ദീഷ് രാമചന്ദ്രയാണു തട്ടിപ്പിനെക്കുറിച്ചു തിരഞ്ഞെടുപ്പു കമ്മീഷനു വിവരം നൽകിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ജഗദീഷ് ഈ അപ്പാര്‍ട്ട്മെന്റിലെത്തിയിരുന്നു.
പിടിച്ചെടുത്ത കാർഡുകളെല്ലാം ആർആർ നഗറിലെ വോട്ടർമാരുടേതാണ് പാരിതോഷികങ്ങൾ നൽകി വോട്ടർമാരിൽനിന്നുവാങ്ങിയതാണു തിരിച്ചറിയൽ കാർഡുകളെന്നാണു പൊതുവെയുള്ള വിലയിരുത്തൽ.

സംഭവത്തിനു പിന്നാലെ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎൽഎ എന്‍. മുനിരത്നയെ ലക്ഷ്യമാക്കി ബിജെപി, ജെഡിഎസ് നേതാക്കൾ രംഗത്തെത്തി. എന്നാൽ ബിജെപി സ്ഥാനാർഥികൾക്കാണു സംഭവവുമായി ബന്ധമെന്നു കോൺഗ്രസും ആരോപിച്ചു.