യുത്ത് കോണ്ഗ്രസ് നേതാവ് വെട്ടേറ്റുമരിച്ചു; കണ്ണൂരിൽ ഇന്ന് ഹർത്താൽ

എടയന്നൂരിനടുത്ത് തെരൂരില്‍  യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂര്‍ ബ്ലോക്ക്  കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബാ(30)ണ് മരിച്ചത്.

ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അര്‍ധരാത്രിയോടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ  ഷുഹൈബിനെ കോഴിക്കോടെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

കൊലപാതകത്തിനുപിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. മൂന്നാഴ്ചമുമ്പ് എടയന്നൂര്‍ എച്ച്.എസ്.എസില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷമുണ്ടായിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഷുഹൈബ് റിമാന്‍ഡിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.