നീരവ് മോദിയുടെ അറസ്റ്റിനു ഹോങ്കോങ്ങിനു തീരുമാനമെടുക്കാം: ചൈന

ബെയ്ജിങ്∙ ബാങ്ക് തട്ടിപ്പു കേസ് പ്രതി നീരവ് മോദിയെ അറസ്റ്റു ചെയ്യാനുള്ള ഇന്ത്യയുടെ അഭ്യർഥനയിൽ ഹോങ്കോങ്ങിനു തീരുമാനമെടുക്കാമെന്ന് ചൈന.

പ്രാദേശിക നിയമങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തിൽ ഹോങ്കോങ്ങിനു വിഷയത്തിൽ നിലപാടെടുക്കാം. എച്ച്കെഎസ്എആറിന് ഇന്ത്യയുടെ അഭ്യർഥന ലഭിച്ചിട്ടുണ്ടെങ്കിൽ നിയമങ്ങൾ അനുസരിച്ച് അവർക്കു നടപടികൾ എടുക്കാവുന്നതാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് വ്യക്തമാക്കി.

ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങിലെ ഭരണ സംവിധാനമാണു ഹോങ്കോങ് സ്പെഷൽ അഡ്മിനിസ്ട്രേറ്റിവ് റീജ്യൻ.
പഞ്ചാബ് നാഷനൽ ബാങ്കിലെ 12,700 കോടിയുടെ തട്ടിപ്പിനെത്തുടർന്ന് ഇന്ത്യ വിട്ട നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്നാണു വിവരം.

നീരവ് മോദിക്കും അമ്മാവൻ മെഹുൽ സി. ചോക്സിക്കുമെതിരെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു