മാലിദ്വീപിൽ ഇന്ത്യയുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് ചൈന

China Flag

മാലദ്വീപിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചൈന.

ഇന്ത്യയുമായുള്ള മറ്റൊരു ഏറ്റുമുട്ടല്‍ വിഷയമായി മാലദ്വീപ് മാറാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്ന് ഡോക്ലാമിലെ സംഘര്‍ഷം ഉദ്ദേശിച്ച് വിദേശകാര്യമന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.

മാലദ്വീപില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്ന ഔദ്യോഗിക നിലപാട് ചൈന തുടരും. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെള്ളിയാഴ്ച ഫോണില്‍ മാലദ്വീപ് വിഷയം സംസാരിച്ചു.

അതിനിടെ ഭീഷണിയെ തുടർന്ന് പ്രതിപക്ഷാനുകൂല ചാനലായ രാജ്ജെ ടി വി വെള്ളിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തി. പ്രസിഡന്റ് അബ്ദുള്ള യമീന്റെ ദൂതനായി ധനവികസനമന്ത്രി മുഹമ്മദ് സയീദ് ചൈനയിലെത്തി, വിദേശകാര്യമന്ത്രി വാങ് യിയുമായി സംസാരിച്ചു.

മാലദ്വീപിലെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ യു.എന്‍. രക്ഷാസമിതി യോഗം ചേര്‍ന്നു. രാജ്യത്ത് അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് യു.എന്‍. അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മിറസ്ലാവ് ജെന്‍ക സമിതിയെ അറിയിച്ചു.