ഡൊണാൾഡ് ട്രംപ് കിം ജോംഗ് ഉൻ കൂടിക്കാഴ്ച

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വടക്കൻ കൊറിയൻ നേതാവ് കിം ജോംഗ് ഉൻ യുമായികൂടിക്കാഴ്ച നടത്തി.  ചരിത്രപ്രധാനമായ ഒരു ഉച്ചകോടിയുടെ തുടക്കത്തിൽ സമാധാനത്തിന് ഉറപ്പുനൽകുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നുവെന്നും കിം ജോങ് ഉൻ പറഞ്ഞു. തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചർച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോൽ എന്നിവരാണ് കിമ്മിനൊപ്പം ചർച്ചയ്ക്കെത്തിയത്.

സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോൺ കെല്ലി, പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് എന്നവർ ട്രംപിനൊപ്പവുമെത്തിയിരുന്നു.