ചക്ക ഇനി ഔദ്യോഗിക ഫലം

തിരുവനന്തപുരം : ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. നിയമസഭയിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ നടത്തി. കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലമായി ചക്കയെ തിരഞ്ഞെടുത്തിരിക്കുന്നത്.

സംസ്ഥാന കാർഷിക വകുപ്പിന്റെ ശുപാർശ പ്രകാരമാണ് ചക്കയെ കേരളത്തിന്റെ ഫലമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.

ഇതോടൊപ്പം ചക്കയുടേയും, അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉൽപ്പാദനം വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനൊപ്പം ചക്ക ഗവേഷണത്തിനായും സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുവേണ്ടി വയനാട് അമ്പലവയലിൽ ചക്ക ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. ഇതോടൊപ്പം ചക്കയെ ജനപ്രിയമാക്കാൻ വേണ്ടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ചക്ക ഉത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്.