ആദിവാസികള്‍ക്ക് സമഗ്ര വികസനത്തിന് 10 കോടി

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ആശ്വാസപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ വീട്ടുകാരെ സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള പദ്ധതികളുടെ ഏകോപനത്തിനും അവയുടെ നിര്‍വഹണ ചുമതലക്കുമായി ഐടിഡിപി പ്രോജക്റ്റ് ഓഫീസറെ നിയമിക്കും.

പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല ഈ ഉദ്യോഗസ്ഥനാകും. അട്ടപ്പാടിക്കുപുറമെ കേരളത്തിലെ എല്ലാ ആദിവാസി മേഖലയിലും പദ്ധതി നിര്‍വഹണ ചുമതല ഈ ഉദ്യോഗസ്ഥനാകും. ആദിവാസികള്‍ക്ക് നഷ്ടമായ കൃഷിഭൂമി തിരികെ നല്‍കും. അവയുടെ പട്ടയം ഉടനെ നല്‍കും. അപേക്ഷകളില്‍ പരിശോധന നടത്തി മെയ്മാസത്തിനുളളില്‍ പട്ടയം നല്‍കും. കൂട്ടമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സമൂഹമാണ് ആദിവാസികള്‍. അതിനാല്‍ താമസത്തിനുള്ള സ്ഥലവും കൃഷിഭൂമിയും വേറെതന്നെ നല്‍കും. നിലവില്‍ പ്രവര്‍ത്തനം നിലച്ച കമ്മ്യൂണിറ്റി കിച്ചനെ വിപുലപ്പെടുത്തും. ആദിവാസികള്‍ ഉപയോഗിക്കുന്ന റാഗി, ചോളം തുടങ്ങിയ ധാന്യങ്ങള്‍ വിതരണം ചെയ്യും ഇതിന്റെ മേല്‍നോട്ടം സപ്ലൈക്കോയ്ക്കാണ്. ഇതിനായി 10 കോടി വകയിരുത്തി.

ഇവിടത്തെ റേഷന്‍ വിതരണെത്തെ കുറിച്ച് നിരവധി പരാതിയുണ്ട്. അത് പരിഹരിക്കും. 28 കിലോ അരിയും 7 കിലോ ഗോതമ്പും വിതരണം ചെയ്യും. ഇത് പ്രാവര്‍ത്തികമായാല്‍ കമ്മ്യൂണിറ്റി കിച്ചനെ ആശ്രിക്കുന്നത് ഒഴിവാക്കാനാകും. കൃഷിഭൂമി നല്‍കുന്നതോടെ ആദിവാസികളുടെ തൊഴില്‍ പ്രശ്‌നത്തിനും പരിഹാരമാകും. കൂടാതെ തൊഴിലുറപ്പ്, കുടുംബശ്രീ ലേബര്‍ ബാങ്ക് എന്നിവയിലൂടെ 200 തൊഴില്‍ദിനം ഉറപ്പാക്കും. ആദിവാസി മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആദിവാസികള്‍ക്ക് ജോലി നല്‍കാനും നടപടിയെടുക്കും.

കുടിവെള്ളം അടിയന്തരമായി എത്തിക്കാന്‍ നടപടിയെടുക്കും. ആരോഗ്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. മാനസിക ആരോഗ്യത്തിനുള്ള ചികില്‍സ ഉറപ്പാക്കും. മാനസിക രോഗികളെ താമസിപ്പിക്കുന്നതിനുള്ള കെയര്‍ ഹോമുകള്‍ ഏര്‍പ്പെടുത്തും. ഗൈനക്കോളജി വിഭാഗം മെച്ചപ്പെടുത്തും. മദ്യപാനം ആദിവാസികള്‍ക്കിടയില്‍ വലിയൊരു വിഷയമാണ്. വലിയതോതിലുള്ള ബോധവത്കരണം ഇതിനെതിരെ നടത്തേണ്ടിവരും. മുക്തിയുടെ ആഭിമുഖ്യത്തില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങും. ലഹരി വിമുക്ത കേന്ദ്രവും തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.