ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്ക് 20  കോടി രൂപ  അനുവദിച്ചു 

തിരുവനന്തപുരം : സംസ്ഥാനത്തെ ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്ക് പുതിയ മേഖലകളില്‍ തൊഴില്‍ അവസരം നല്‍കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ 20  കോടി രൂപ അനുവദിച്ചു. കേരള ബീഡിചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുക. ബീഡി വ്യവസായമേഖല നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് ഇതരതൊഴില്‍സംരംഭങ്ങള്‍ വഴി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിക്ക് ക്ഷേമനിധി ബോര്‍ഡ് രൂപംനല്‍കിയത്. ബോര്‍ഡ് സമര്‍പ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തില്‍ 20 കോടി രൂപ അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ക്കും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. ശോചനീയാവസ്ഥയിലായ ബീഡിചുരുട്ട് മേഖലയിലെ നൂറുകണക്കിന് തൊഴിലാളികള്‍ക്കും കുടുംബത്തിനും സര്‍ക്കാര്‍ തീരുമാനം ആശ്വാസം പകരും. എല്‍ഡിഎഫ് ഗവണ്‍മെന്റ് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന ഘട്ടത്തിലാണ് തൊഴിലാളി ക്ഷേമവും സുരക്ഷിതത്വവും മുന്‍നിര്‍ത്തി പുതിയ തൊഴില്‍ പദ്ധതി നടപ്പാക്കുന്നത്. ബീഡി വ്യവസായരംഗത്തെ പ്രതിസന്ധി സംബന്ധിച്ച് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ തൊഴിലാളി സംഘടനകളും മറ്റുമായി നേരത്തേ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ബ്രോയ്‌ലര്‍ കോഴി, കാട, ആട് ഫാമുകള്‍, പൗള്‍ട്രി ഫാം, ഡയറി ഫാം, റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം, ഫാന്‍സി ഷോപ്പ്, മൊബൈല്‍ ഫോണ്‍ അനുബന്ധഉപകരണ വില്‍പ്പനകേന്ദ്രവും  റീ ചാര്‍ജ് സെന്ററും, സഞ്ചരിക്കുന്ന ചായക്കട, ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്, വെല്‍ഡിങ് യൂണിറ്റ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയ സ്വയംതൊഴില്‍സംരംഭങ്ങള്‍ക്ക് പദ്ധതിപ്രകാരം ധനസഹായം ലഭിക്കും. തുടക്കത്തില്‍ 3970 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. തൊഴില്‍സംരംഭങ്ങളുടെ ചെലവിന്റെ 80 ശതമാനവും ക്ഷേമനിധിബോര്‍ഡ് നല്‍കും. ബാക്കി തുക ഗുണഭോക്തൃവിഹിതമാണ്. തൊഴിലാളികളുടെ മക്കളില്‍ എഞ്ചിനിയറിങ് അടക്കമുള്ള ബിരുദകോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് പദ്ധതിപ്രകാരം ലാപ്‌ടോപ്, മേശ, കസേര എന്നിവ നല്‍കും. 300 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എട്ടു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 300 കുട്ടികള്‍ക്ക് സൈക്കിളും അംഗപരിമിതരായ 50 കുട്ടികള്‍ക്ക് ട്രൈസൈക്കിളും നല്‍കും. പദ്ധതിപ്രകാരമുള്ള ചെറുകിട വ്യവസായസംരംഭങ്ങള്‍ നാനോ യൂണിറ്റുകളായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്ന് ബീഡിചുരുട്ട് തൊഴിലാളിക്ഷേമനിധിബോര്‍ഡ് അറിയിച്ചു. ബീഡിചുരുട്ട് തൊഴിലാളികളുടെ ജീവിതനിലവാരത്തില്‍ ഗണ്യമായ മാറ്റം വരുത്താന്‍ പദ്ധതി വഴിയൊരുക്കും.  അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ക്ഷേമനിധിബോര്‍ഡാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. 2035 തൊഴിലാളികള്‍ക്കാണ് ധനസഹായം ലഭിക്കുക.

 

സംസ്ഥാനത്ത് ബീഡിചുരുട്ട് മേഖലയില്‍  80,000 ത്തോളം തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ബീഡി വ്യവസായം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ വൈവിധ്യവത്കരണത്തിലൂടെ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം, കുട നിര്‍മ്മാണം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിലേക്ക് കടന്ന കേരള ദിനേശ് ബീഡി കേന്ദ്രംസംഘത്തിന്റെ മാതൃക പിന്തുടര്‍ന്നാണ് ബീഡിചുരുട്ട് തൊഴിലാളിക്ഷേമനിധി ബോര്‍ഡിന്റെ പദ്ധതി.