കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

രണ്ടായിരത്തിപതിനേഴിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ദ്രന്‍സ് (ആളൊരുക്കം), നടി പാര്‍വതി. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏ‍ദന്‍ രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

32 അവാര്‍ഡില്‍ 28 അവാര്‍ഡും പുതുമുഖങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ കൊല്ലത്തുവെച്ചാണ് അവാ‍ര്‍ഡ് ദാന ചടങ്ങ് നടക്കുന്നത്. തിയതി പ്രഖ്യാപിച്ചിട്ടില്ല.

നഴ്സുമാരുടെ ദുരിതജീവിതം വെള്ളിത്തിരയില്‍ പറഞ്ഞ ടേക് ഓഫ്, സാധാരണക്കാരന്റെ ജീവിതം തുറന്നു കാട്ടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെട 25 സിനിമകളാണ് നോമിനേഷന്‍ പട്ടികയില്‍ അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്.

മികച്ച നടനുള്ള പുരസ്കാരങ്ങള്‍ക്ക് ഫഹദ് ഫാസില്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. ഗോപി സുന്ദറിനാണ് മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍

മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മഞ്ജുവാര്യരും, പാര്‍വതിയുമാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. മത്സരരംഗത്തുള്ളവയില്‍ ഏഴെണ്ണം ബാലചിത്രങ്ങളാണ്. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മന്ത്രി എ.കെ. ബാലനാണ് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

പുരസ്കാരങ്ങള്‍

മികച്ച കഥാചിത്രം – ഒറ്റമുറി വെളിച്ചം

മികച്ച രണ്ടാമത്തെ കഥാചിത്രം – ഏദന്‍

മികച്ച സംവിധായകന്‍ – ലിജോ ജോസ് പെല്ലിശ്ശേരി

മികച്ച നടന്‍ – ഇന്ദ്രന്‍സ് (ആളൊരുക്കം)

മികച്ച നടി – പാര്‍വതി (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടന്‍ – അലന്‍സിയര്‍

മികച്ച സ്വഭാവ നടി – പോളി

മികച്ച ബാലതാരം, ആണ്‍കുട്ടി – അഭിനന്ദ്

മികച്ച ബാലതാരം പെണ്‍കുട്ടി – നക്ത്ര – രക്ഷാധികാരി ബൈജു

അതീവ രഹസ്യമായാണ് ഇക്കുറി അവാര്‍ഡ് നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തില്‍ ജൂറി അംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതില്‍ മികച്ച 20-21 സിനിമകള്‍ എല്ലാവരും ചേര്‍ന്നു വീണ്ടും കണ്ടു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിച്ചത്. സിനിമകളുടെ സ്ക്രീനിങ് കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കില്‍ അതീവ രഹസ്യമായാണു നടത്തിയത്.

അവാര്‍ഡ് വിവരം ചോരാനിടയുള്ളതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി ജൂറി അംഗങ്ങള്‍ക്കു മൊബൈല്‍ ഫോണും വാട്സാപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം വിലക്കി. കിന്‍ഫ്രയിലും ജൂറി അംഗങ്ങളുടെ താമസ സ്ഥലത്തും സന്ദര്‍ശകരെയും വിലക്കി. അക്കാദമിയുടെ ഭാരവാഹികള്‍ വരെ ആശയവിനിമയങ്ങളില്‍നിന്നു വിട്ടുനിന്നു.