ധനകാര്യ കമ്മീഷനുകൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് വൻ ഭീഷണി: തോമസ് ഐസക്ക്

പതിനഞ്ചാം ധനകാര്യ കമ്മിഷനെ നിയോഗിച്ചു സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാനും മന്ത്രി തോമസ് ഐസക് വിളിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവിൽ ധാരണയായി.
പുതുച്ചേരി മുഖ്യമന്ത്രി വി.നാരയണസാമി, ആന്ധ്ര ധനമന്ത്രി യനമല രാമകൃഷ്ണനുഡു, കർണാടക കൃഷിമന്ത്രി കൃഷ്ണ ബൈരെ ഗൗഡ എന്നിവർ യോഗത്തിൽ പങ്കെടുത്തപ്പോൾ തമിഴ്നാട്, തെലങ്കാന പ്രതിനിധികൾ എത്തിയില്ല.

ഇവരെയും ഡൽഹി, ബംഗാൾ, പഞ്ചാബ്, ഒഡിഷ ധനമന്ത്രിമാരെയും പങ്കെടുപ്പിച്ച് ഇൗ മാസം ഒടുവിൽ വിശാഖപട്ടണത്തു വിശാല സഖ്യ സമ്മേളനം ചേരുമെന്നു തോമസ് ഐസക് പറഞ്ഞു.

കോൺക്ലേവിലെ തീരുമാനങ്ങൾ അടിസ്ഥാനമാക്കി കരട് നിവേദനം തയാറാക്കി സംസ്ഥാനങ്ങൾക്ക് ഉടൻ നൽകും.

വിശാഖപട്ടണത്തു ചേരുന്ന രണ്ടാം കോൺക്ലേവിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചു നിവേദനത്തിന് അന്തിമ രൂപം നൽകും.

പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളുടെ കൂട്ടത്തിൽ സംസ്ഥാനങ്ങളുടെ ആവശ്യം കൂടി ഉൾപ്പെടുത്തണമെന്നാകും രാഷ്ട്രപതിയോട് ആവശ്യപ്പെടുക.